
മലയാള സിനിമയിലെ നടിമാർക്കിടയിൽ മെമ്മറി കാർഡ് വിവാദംരൂക്ഷമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ താരസംഘടനക്ക് പരാതി നൽകാനാണ് നടി ഉഷ ഹസീനയുടെ നീക്കം. അമ്മയിൽ അംഗങ്ങളായ നടിമാർക്കുണ്ടായ മോശം അനുഭവങ്ങളുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ മെമ്മറി കാർഡ് എവിടെയെന്ന് കണ്ടെത്തണമെന്നാണ് താരം ആവശ്യപ്പെടുന്നത്. താരസംഘടനയിലെ തെരഞ്ഞെടുപ്പിൽ പ്രദാന ചർച്ചാവിഷയം ഈ മെമ്മറി കാർഡാണ്.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് അമ്മയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി ഒരു യോഗം വിളിച്ചത്. പല നടിമാരും അന്ന് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകൾ രണ്ട് ക്യാമറകളിൽ റെക്കോർഡ് ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഈ മെമ്മറി കാർഡ് എവിടെയെന്നാണ് ഉഷ ഹസീന ചോദിക്കുന്നത്.
കുക്കു പരമേശ്വരനാണ് അത് കൈകാര്യം ചെയ്തത്. ആ കാർഡ് എന്തുകൊണ്ട് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിച്ചില്ലെന്നും എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ലെന്നും ഉഷ ഹസീന ചോദിക്കുന്നു. ഇടവേള ബാബുവിന്റെ കയ്യിലുൾപ്പെടെ ഈ മെമ്മറി കാർഡ് ഉണ്ടെന്നും അത് കണ്ടെത്തണമെന്നും അവർ അമ്മയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിയാണ് കുക്കു പരമേശ്വരൻ. തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഡിജിപിക്കുനൽകിയ പരാതിയിൽ അവർ പറയുന്നത്. തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമൂഹ മാധ്യങ്ങളി തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നു. താൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുവന്നതിന് പിന്നാലെയാണ് മെമ്മറി കാർഡ് വിവാദം തലപൊക്കിയതെന്നും കുക്കു പറയുന്നു.











